2017 ഒക്‌ടോബർ 31, ചൊവ്വാഴ്ച

നീ ഇനി എന്ന് വരും ?

നീ ഇനി എന്ന് വരും ?

തുലാ മാസത്തിലെ ഈർപ്പമുള്ള പകൽ,
നീ എത്ര പ്രസന്നവതിയായിരിക്കുന്നു
...
എന്നും ഇരുൾ വീഴും വഴി മാത്രം കാണാൻ
വിധിക്കപെട്ട ഞാനിന്നു കൺനിറയെ
എന്റെ നടവഴിയിലൊക്കെ
പ്രകാശം പരന്നത് കാണുന്നു


കരകാണാതൊടുന്ന എന്റെ ജീവിത യാനം
ഇന്ന് അല്പമൊന്നു വിശ്രമിക്കട്ടെ
എന്റെ കുരുന്നുകളുടെ സ്നേഹം ഞാനിന്നു
ആവോളം നുകരട്ടെ


ആഭ്യന്തര വളർച്ച നിരക്കിടിവോ
ആഗോള എണ്ണ വിലയോ എന്തോ ആകട്ടെ
ഈ വിദ്യ പഠിപ്പിച്ച മഹാത്മാവേ നന്ദി
'ഹർത്താൽ' ദിനമേ നീ ഇനി എന്ന് വരും ?


-- അലക്‌സാണ്ടർ വിത്സൺ, ഒക്ടോബറിലെ ഒരു ഹർത്താൽ ദിനം

അഭയാർത്ഥി

അഭയാർത്ഥി

ആരോ വിളിച്ചു പറഞ്ഞു
അഭയാർത്ഥികൾ വരുന്നേ ...
ഞാനും വിളിച്ചു കൂവി
അഭയാർത്ഥികൾ വരുന്നേ ...

അവരുടെ കണ്ണുകൾ ചത്ത മീനിന്റെതുപോലെയായിരുന്നു
കവിളുകളിൽ കണ്ണീരിറ്റു  വീണു ഉണങ്ങിയ
ചാലുകളും കണ്ടില്ല
കാഴ്ചയിൽ എല്ലാം ഒരമ്മ പെറ്റ മക്കൾ പോലെ

പത്തല്ല നൂറല്ല ആയിരമായി അവർ
ചാകര കോളുപോലെ മഹാ സമുദ്രം താണ്ടി വരുന്നു
പുറപെട്ടതാരൊക്കെ? തീരമണഞ്ഞവരാരൊക്കെ?
ആർക്കറിയണം ?
അവർ വെറും അഭയാർത്ഥികൾ

ആരോ വീണ്ടും വിളിച്ചു കൂവുന്നു.
വന്ധ്യംകരണം , വന്ധ്യംകരണം ...
വിശപ്പും കുളിരും മാറ്റാൻ വരട്ടെ
ആദ്യം വരി ഉടയ്ക്കാം ... പിന്നെ പശിയടക്കാം
അവർ അഭയാര്ഥികളല്ലേ ?


അലക്‌സാണ്ടർ വിത്സൺ, 2017 ഒക്ടോബർ


* റോഹിൻഗ്യ അഭയാർത്ഥികളെ വന്ധ്യംകരിക്കണമെന്നു ബംഗ്ലാദേശ് സർക്കാർ  തീരുമാനം 

2017 ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യം..

സ്വാതന്ത്ര്യം..

കണ്ണ് ചിമ്മാതെ നിന്നെ നോക്കിയിരിക്കുമ്പോൾ
നിന്റെ ചെറു ചലനങ്ങൾ പോലും
സ്പന്ദമാപിനിയിലെന്നപോലെ അളന്നു കുറിക്കുമ്പോൾ
നിന്റെ കണ്ണുകൾ സഞ്ചരിക്കുന്ന വഴിയേ ഒരു
യന്ത്രപ്പാവ കണക്കെ പിന്തുടരുമ്പോൾ

നിന്റെ ഇരിപ്പിലും നടപ്പിലും
വേഷത്തിലും എന്റെ ശ്രദ്ധ പതിയുമ്പോൾ
നിന്റെ ചിന്തകളിൽ വെറുതെ ഞാൻ പരതുമ്പോൾ
മൗനത്തിന്റെ രീതി ശാസ്ത്രത്തിൽ ഇടപെടുമ്പോൾ

ഞാൻ കൊരുത്തിട്ട താലിച്ചരടിൽ നിന്നും
അദൃശ്യമായി നീട്ടിയിട്ട സ്വർണ ചരടിനെ
എന്റെ ചൂണ്ടു വിരലിൽ മൃദുവായി ചുഴറ്റി നടക്കുമ്പോൾ
നീ എന്തിനു സ്വാതന്ത്ര്യത്തിനായി  കേഴുന്നു?

നീ സർവ സ്വാതന്ത്രയല്ലേ പ്രിയേ ? 


>>>>അലക്‌സാണ്ടർ വിത്സൺ, സ്വാതന്ത്ര്യ ദിനം 2017 <<<<

2016 സെപ്റ്റംബർ 21, ബുധനാഴ്‌ച

മറവി ഒരോർമ്മ

മറവി ഒരോർമ്മ
******************
ഞാൻ മറന്നുപോയതിലൊന്നിലും നീയില്ല
എന്റെ ഓർമ്മകൂടാരങ്ങളിളിലൊന്നിൽ
എന്നും ഒരു തൂവൽ പോലെ പറന്നു കളിച്ചു
നീ എന്റെ കൺവെട്ടത്ത് നിന്ന് മാറി മറഞ്ഞിരുന്നു

മറവി എന്ന മഹാ മാന്ത്രികൻ എന്നെയൊരു
അഴിയച്ചങ്ങലക്കുള്ളിൽ തളക്കാൻ നോക്കുമ്പോഴും
എന്റെ ശേഷിക്കും നാഡിശ്രിംഖലകളുടെ
കണ്ണിയായ്  നീ മാറിയിരുന്നു

ഞാൻ നടന്ന പാതകളിൽ അനുഭവിച്ച പൂക്കളയുടെ ഗ
ന്ധവും
ഞാൻ കൺ നിറയെ കണ്ടാനന്ദിച്ച നിലാവും
ചാറ്റമഴ തോരുംമുമ്പ് പടർന്ന ഇള  വെയിലും എല്ലാം
ചിറകുവെച്ചു പറന്നു പോയ ഓർമ്മകളായിരിക്കുന്നു

ഇന്നോർമ്മ തൻ തണൽ മരത്തിൽ പാർക്കാൻ
കിളികളേതുമില്ല
അവസാനം കൂടൊഴിഞ്ഞു പോയത് മൈനയോ ചെമ്പൻ മരംകൊത്തിയോ?
നീ മാത്രം ഇന്നും ഒരു തൂവലായ് പറന്നു എന്റെ ചുറ്റും
ലോലമായിഎന്തിനു എന്നെ തഴുകുന്നു?

വിത്സൺ --- സെപ്തംബര് 21 . ലോക മറവി ദിനം

2015 നവംബർ 23, തിങ്കളാഴ്‌ച

ഫേസ്ബുക്കിൽ ഞാൻ


ഫേസ്ബുക്കിൽ ഞാൻ
=======================
നാളുകൾ  കൂടി ഞാനിന്നു എന്റെ 
മുഖപുസ്തക*  താളിൽ  നിന്നും ഒന്ന് പുറത്തേക്കിറങ്ങി

 എന്നോ  കണ്ടു മറന്ന മുഖങ്ങളിൽ
തിരിച്ചറിയാനാവാത്ത വികാര  വിക്ഷോഭങ്ങൾ 

എനിക്ക് അപരിചിതമായ 'ഫീലിങ്ങ്സ്' എന്നെ നോക്കി
പല്ലിളിക്കുന്നു

ചുവരിലെ ചിത്രത്തിൽ എനിക്കൊപ്പം
പരിഭ്രമവും ലജ്ജയും കലര്ന്ന മുഖമുള്ള ഒരു സുന്ദരി  

എനിക്കരികെ നില്ക്കുന്ന  അവളുടെ കണ്ണിൽ ആര്ദ്രത കലര്ന്ന സ്നേഹമോ
അതോ  വെറുപ്പിന്റെ ഒരു ലാന്ജനയോ?

അവൾക്കരികെ എന്നെ തുറിച്ചു നോക്കി
ദുപ്പട്ടയിൽ പിടിച്ചു തൂങ്ങുന്ന ആണ്കുട്ടിക്ക് എന്റെ അതെ ഛായ!

ഒതുങ്ങി മാറാൻ നോക്കുമ്പോഴൊക്കെ
എന്നിലേക്ക് ചേർന്ന് നില്ല്ക്കനോരുങ്ങുന്നു അവർ

അയ്യോ..എന്റെ പ്രജ്ഞയുടെ വാതായനങ്ങൾ
ആഞ്ഞു തള്ളി തുറക്കനോങ്ങുന്നു ആരൊക്കെയോ..

 എന്റെ ഇഷ്ടങ്ങൾക്ക് ഇവിടെ സ്ഥാനമില്ല
എന്റെ മോഹങ്ങൾ ഇവിടെ ചിറകു വിരിക്കില്ല 

എനിക്ക് ഇവിടെ പരിചിതരാരൂമില്ല
പ്രാണ വായുപോലുമില്ല

അല്ല ഇത്  എന്റെ ഇടമല്ല തീര്ച്ച
ഞാൻ തിരികെ എന്റെ മുഖപുസ്തകത്താളിലേക്ക്   തിരികെ പോകട്ടെ !
* Facebook
=== നവംബർ 22, 2015 ===

2015 ജൂൺ 3, ബുധനാഴ്‌ച

റോസ്മേരി

 
 
തിരക്കേറിയ എന്റെ പകലുകളിലും
ശബ്ദായമാനമായ ഇടനാഴികളിലും
വിരസങ്ങളായ ഔദ്ദ്യോഗിഗ ചര്ച്ചകളിലും
ഒഴിഞ്ഞു മാറിയിരിക്കുന്ന ഉച്ചവിശ്രമ വേളകളിലും
നീ എന്റെ ഒപ്പമുണ്ട്
 
കലഹിച്ചും കണ്ണ് കലങ്ങിയും മുന്നിലിരുന്നു
ഉത്തരമില്ലാത്ത നിന്റെ നൂറു ചോദ്യങ്ങള്ക്ക്
ജ്ഞാനോദീപാകമായ എന്റെ ഉത്തരങ്ങൾക്കു
കാതോർത്തിരുന്ന നീ ആരാണ്?
 
വൻവൃക്ഷമായി വളർനെന്നകണക്കെയുള്ള
എന്റെ ഇല്ല വലിപ്പത്തിൽ അന്തം വിട്ടു നീയെന്നെ
ഉള്ളതിലുമേറെയായി കാട്ടി
ലജ്ജിപ്പിക്കുന്നു..
 
വേനൽ കടുത്തു എന്റെ മനസ്സ് ഉരുകി ഒലിക്കുന്ന ദിനങ്ങളിൽ
വിരഹം നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സിനെ
മുറുകെ പിടിച്ചിരിക്കുമ്പോൾ
എന്റെ കുപ്പായ കൈയറ്റ കുടുക്കിൽ പതിച്ച
രത്നകല്ലിനെ റോസ്‌മേരി എന്ന് വിളിക്കട്ടെ?
 
 
--- 2015 മെയ്‌ 31 ---
 

2014 നവംബർ 18, ചൊവ്വാഴ്ച

ഫിലെ ഉറക്കത്തിലാണ്, നമ്മളും

ഫിലെ *ഉറക്കത്തിലാണ്, നമ്മളും

ദശകോടി മൈലുകൾ താണ്ടിയുള്ള യാത്രയിൽ
ഇതുവരെ ഫിലെ ഒന്ന് കണ്ണടച്ചിട്ടില്ല
രാത്രിയെന്നോ പകലെന്നോ ഭേദമന്യേ
 
ചന്ദ്രനും ചൊവ്വയും ബുധനും കേതുവും പിന്നെ
ഒട്ടേറെ താരഗണങ്ങളും കണ്ടു
വ്യോമാന്തരീക്ഷത്തിലെ ശൂന്യതയുടെ ശബ്ദവീചികൾകിടയിലും
പാഞ്ഞു പോകുന്ന ഉൽക്ക ചീളുകളും കൊടും തണുപ്പിന്റെ
മരവിപ്പും ദിക്കറിയാത്ത യാത്രയും
 
ഇടയ്കിടെ കണ്ടു പല വർണ പതാക പതിച്ചു
കോടികൾ കത്തിച്ചു പുറത്തെക്ക് വലിച്ചെറിഞ്ഞ യന്ത്ര ചെപ്പുകളും **
 
ഇങ്ങു ഭൂതലത്തിൽ എബോളയോ എയിഡ്സോ ഏതോ
പേരറിയാത്ത ജനുസ്സിലെ ജീവ കോശമോ
പതിനായിരങ്ങളുടെ ജീവൻ പന്താടുന്നു 
തെരുവിലും കുറ്റികാട്ടിലും പനിച്ചു വിറച്ചു
പ്രാണൻ വെടിയുന്നു
 
ജീവന്റെ തുടിപ്പ് ധൂമകേതുവിൽ നിന്നോ?
താനെ പൊട്ടി മുളച്ചോ അതോ ഒരു ദൈവകണത്തിൽ നിന്നുൽഭവിച്ചോ?
എന്തെങ്കിലുമാവട്ടെ, ഇനിയുമൊരായിരം ജീവൻ
എബോളയുടെ പിടിയിലമാരട്ടെ, ആർക്കു ചേതം?
 
എന്നാലും ഫിലെ ഒന്നുണർന്നെങ്കിൽ....

*
ഫിലെ ലാണ്ടർ, പത്തു വർഷം 6 ബില്ല്യൻ കിലോമീറ്റർ യാത്ര ചെയ്തു 67P എന്ന് പേരുള്ള വാൽ നക്ഷത്രത്തിൽ നവംബർ 12 നു ചെന്ന് ചേര്ന്നു. നവംബർ 15 നു കണ്ട്രോൾ സ്റ്റേഷനുമായുള്ള ബന്ധം വിച്ഛെദിക്കപെട്ടു.

**ഓരോ രാജ്യങ്ങൾ അയക്കുന്ന ഉപഗ്രഹങ്ങൾ

വിൽസൻ - നവംബര് 18, 2014

2014 മേയ് 24, ശനിയാഴ്‌ച

അർഷെയ ക്ഷമിക്കുക


 
മുകുന്ദ്* നീയും പോയി കൂടെ പേരറിയാത്ത ഒരു ഭടനും
ആർക്കു വേണ്ടി നീ ചോര ചീന്തിയെന്നെനിക്കറിയില്ല
ഭാരതംബയ്ക്ക് വേണ്ടിയോ അതോ നിന്റെ ലാളനയറിഞ്ഞു
കൊതി തീരാത്ത ഓമന മകൾക്ക്‌ വേണ്ടിയോ?
 
ആരായിരുന്നു നിന്റെ ശത്രു?
ദിക്കും ദിശയുമറിയാതെ പാവ കണക്കെ
പോരാടുന്ന കുറെ മനുഷ്യജന്മങ്ങളൊ?
അതോ സഹോദരനെ സ്നേഹിക്കനാവാതെ
ദൈവത്തിന്റെ പേരിൽ ആയുധം എടുക്കുന്നവരോ?
 
ഞങ്ങൾ കാട്ടി തന്നവരായിരുന്നു നിന്റെ ശത്രു !
അനുവാദമില്ലാതെ ഈ രാജ്യത്തിന്റെ അതിർത്തി
കടന്നു വന്നവരെല്ലാം ശത്രു എന്നാണല്ലോ നിന്നെ
ഞങ്ങൾ പഠിപ്പിച്ചത്
 
ചോരവീണ ആ മണ്ണിൽ വിരിയുന്ന കുങ്കുമപൂക്കൾക്ക്
ഇനി  നിറം ഇരട്ടിക്കും
ആയിരങ്ങളുടെ കണ്ണീരും ചോരയും വീണ
ആ ഭൂമിയിലെ ഉറവകൾക്കും
ചുവന്ന നിറമായിരിക്കും
 
നാളെ നിന്റെ പോന്നോമാനയോടും മറ്റനേകം കുഞ്ഞുങ്ങളോടും
ഞങ്ങൾ കണക്കു പറയേണ്ടിവരും
ഇനിയെങ്കിലും ഈ കുരുതിക്കൊരു അവസാനം കണ്ടില്ലെങ്കിൽ !
 
* കഷ്മീരിലെ ഷോപിയനിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സാധാരണ
  ഏറ്റുമുട്ടലിൽ പൊലിഞ്ഞു പോയ മുകുന്ദ് എന്ന പട്ടാള ഓഫീസർ. ആ കുടുംബത്തെ
  എനിക്ക് അറിയുമെന്നതിനാൽ വെറുമൊരു സാധാരണ പത്രവാർത്തയായി
   അത് വായിക്കാനായില്ല. മൂന്ന് വയസ്സുള്ള മകൾ അർഷെയ.
 
>>വിത്സണ്‍ അലക്സാണ്ടർ, മെയ്‌ രണ്ടു, രണ്ടായിരത്തി പതിന്നാലു <<

2014 മാർച്ച് 18, ചൊവ്വാഴ്ച

ആൾറൈറ്റ്, ഗുഡ്നൈറ്റ്‌

ഇനിയുമവർ കാത്തിരിക്കുന്നു
നാൾ പത്തു കഴിഞ്ഞിട്ടും കാണാനാവാതെ
ആകാശവിഹായസ്സിൽ നിന്നും മാഞ്ഞു പോയ
ആ വ്യോമയാനത്തിൽ നിന്നുള്ള
സൂചനകൾക്കായി

കറുത്തവരും വെളുത്തവരും
സ്നേഹം പങ്കിടാൻ പോയവരും
പ്രതീക്ഷയുടെ ചിറകിലേറി പറന്നവരും
ഇന്നെവിടെ
ആഴിക്കടിയിലോ ഏതോ അഗാഥ ഗർത്തതിലോ
അജ്ഞാതമായ ഒരു ശത്രുപാളയതിലോ
അതോ ഈ വ്യോമാംബരത്തിനുമപ്പുറമോ
ആർക്കറിയാം

ആളുമര്ഥവുമൊക്കെ എത്രയെന്നാലും ആകട്ടെ
ശത്രുത വെടിഞ്ഞു രാജ്യങ്ങളോന്നായി
ഈ തിരച്ചിൽ തുടരട്ടെ
തോരാത്ത കണ്ണുനീരിനോരറുതി  വരും വരെ
 
പ്രതീക്ഷ കൈവിടില്ല നാം
ഞങ്ങളുടെ കാതിൽ മുഴങ്ങുന്നു
ആൾറൈറ്റ്, ഗുഡ്നൈറ്റ്‌ * !

വിൽസൻ അലക്സാണ്ടർ
മാർച് 18, 2014

*മലേഷ്യൻ വിമാനം MH 370 യിൽ നിന്നുള്ള അവസാനത്തെ സന്ദേശം

2014 മാർച്ച് 8, ശനിയാഴ്‌ച

കൂട്ടുകാരി


 

കൂട്ടുകാരി 
==========
എനിക്കും നിനക്കുമിടയില്‍ സൌഹൃദമുണ്ട്
സൌഹൃദത്തിനപ്പുറം എനിക്ക് നിന്നോട്
മറ്റെന്തെല്ലാമോ ഉണ്ട് ...
അതില്‍ സ്നേഹമോ, കരുണയോ, ആരാധനയോ, അസൂയയോ
എനിക്കറിയില്ല
നിന്റെ കണ്ണുകളില്‍ ഞാന്‍ ഒരിക്കലും തിളക്കം കണ്ടിട്ടില്ല
ചത്ത മീനിന്റെ കണ്ണുകളിലെ ഭാവമാണ്
ചിത്രത്തില്‍ എപ്പോഴും നിന്റെ കണ്ണുകള്‍ക്ക്‌
നിന്റെ നീണ്ട എഴുത്തുകള്‍ എനിക്ക്
എത്ര വായിച്ചാലും മതിയാവില്ല
ഇത്ര ഭംഗിയുള്ളപദകൂട്ടുകള്‍ ഞാന്‍ എവിടെയും
കണ്ടിട്ടില്ല
എന്നാല്‍ നിന്റെ അക്ഷരങ്ങളുടെ വടിവ് കാണാന്‍
എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
കാരണം ഞാന്‍
കാണുന്നത് അച്ചടിച്ച പുറങ്ങള്‍ ആണല്ലോ
എങ്കിലുംഎനിക്ക് നിന്നോട്
സൌഹൃദത്തിനപ്പുറം എന്തെല്ലാമോ തോന്നുന്നു
എന്റെ ഈ തോന്നലുകളൊക്കെ ഞാന്‍ നിന്നെ
എങ്ങനെ അറിയിക്കും
എന്റെ കൈയെത്താദൂരത്തുള്ള
ഗ്രന്ഥത്തിലെ കൂട്ടുകാരിയല്ലേ നീ 

വില്‍സന്‍ അലക്സാണ്ടര്‍
മാര്‍ച്ച്‌ 8, ലോക വനിതാ ദിനം

 

 

2013 നവംബർ 19, ചൊവ്വാഴ്ച

യാത്ര

യാത്ര തുടരുകയാണ്
എന്ന് തുടങ്ങിയെന്നോർമയില്ല
പോയ വഴികൾ പലതും മറന്നിരിക്കുന്നു
കൈ പിടിച്ചു കൊണ്ടുപോയവയും

എന്തിനെന്നോ ഏതിനെന്നോ
ഇനിയും നിശ്ചയമില്ല
കാഴ്ചകൾ പലതും കണ്ടു ചിലതൊക്കെ
ഓർത്തെടുക്കാനാവാത്ത വിധം മങ്ങിയിരിക്കുന്നു

എന്നാലും കുറെക്കാലം ഒപ്പം നടന്നിരുന്നവരെ 
ഞാനോർത്തിരിക്കുന്നു
പിന്നെ ഏറെനാൾ എന്റെ വഴിയിൽ
പ്രതീക്ഷയുടെ പൊൻ നിനവായ് ഒപ്പം നടന്ന
നിന്നെയും

വഴികൾ നാടുകൾ പിന്നിടുന്നു
മുഖങ്ങളും തെളിയുന്നു  മറയുന്നു
എന്റെ പാഥേയത്തിൻ പങ്കു പറ്റിയവരും
പാതി മയക്കത്തിൽ
ഒരു വാക്ക് പറയാതെ പോയവരും
ഹൃദയത്തിൽ ഇടം പിടിച്ചവരും

യാത്ര തുടരുകയാണ്
നാളേറെ കഴിഞ്ഞാലും സഖി
നമ്മുടെ വഴികൾ
ഇനിയുമെവിടെയെങ്കിലും കൂട്ടിമുട്ടാതിരിക്കില്ല
കാലത്തിന്റെ ഏതെങ്കിലൂമൊരു
നാലും കൂടിയ കവലയിൽ

---- നവംബർ 19, 2013  -----

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മനസ്സറിയും യന്ത്രം

 
ആകാശത്തിന്റെ കോണിലും അതിനപ്പുറവും
ആഴിയുടെ അടിത്തട്ടിലും എന്തിനു
ലക്ഷം കോടി തരംഗവീചികൾ ഓരോ നിമിഷവും
സഞ്ചരിക്കുന്ന ഈ ഭൌമാന്തരീക്ഷതിലും
അനേകം യന്ത്രകണ്ണുകളും യന്ത്രചെവികളും
 
എന്നെ എപ്പോഴും ഉറ്റു നോക്കികൊണ്ടിരിക്കുന്നു
 ശൂന്യാകാശത്തിൽ നിന്ന്
അമേരിക്കയും റഷ്യയും ചൈനയും പിന്നെ ആരൊക്കെയോ ആര്ക്കറിയാം?
 
കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും
'ഫയലിനും' 'നാരിയും' ഇനി വരാനിക്കുന്ന ചുഴലികളും *
എന്റെ ഗണനപെട്ടിയിൽ തെളിവാർന്ന ചിത്രങ്ങളായി വരും
പ്രഭവബിന്ധുവിൽ നിന്ന് പിന്തുരടുന്ന ചാരക്കണ്ണുകൾ
 
ഇപ്പോഴിതാ വരുന്നു യന്ത്രപട്ടിയും യന്ത്രപാറ്റയും ***
ചൊവ്വയിൽ വെള്ളമുണ്ടോ? കത്തിയെരിഞ്ഞ ആണവ അന്തർവാഹിനിയിൽ
എന്റെ സോദരന്റെ അസ്ഥിക്ക് ജീവനുണ്ടോ?
ചൊക്കലെറ്റു പെട്ടിക്കുള്ളിൽ ബോംബുണ്ടോ?
ജോസഫ്‌ എങ്കൽബർഗറെ* എനിക്ക് നന്ദിയോടെ ഓർക്കാൻ ഓരോ ദിനവും
 
ഇനി വേണം മനസറിയുംയന്ത്രം
മനസ്സുകളിലേക്ക് ഇഴഞ്ഞിറങ്ങാനാവുന്ന ഒരു യന്ത്രം!

* അടുത്തയിടെയുണ്ടായചുഴലിക്കറ്റ്
** റോബോടിക്സിന്റെ പിതാവ്
***
 25 ഒക്ടോബർ 2013

കൊഡൈക്കനാലിലെക്കുള്ള ദൂരം

കൊഡൈക്കനാലിലെക്കു ഇനിയും
വളരെ ദൂരമുണ്ട്
നനുത്ത മഞ്ഞിൽ പുതച്ചു വളഞ്ഞു പുളഞ്ഞു
കിടക്കുന്ന വഴിയിലൂടെ
ക്ഷീണം വകവെക്കാതെ പതിയെ
വലിഞ്ഞു കയറുന്ന ഈ വാഹനത്തിൽ ഇരികുമ്പോൾ
പിന്നിൽ മറയുന്നു യുക്കലിപ്റ്റസും പൈൻ നിരകളും
പിന്നെ പേരറിയാത്ത ചുവപ്പും മഞ്ഞയും പൂക്കൾ മാത്രം
വിരിയുന്ന വന്മരങ്ങളും
 
ഇടയ്ക്കു താഴേക്കു നോക്കിയാൽ
എന്റെ ജീവിതത്തിന്റെ
തന്നെ ഒരു നേർക്കാഴ്ചയെന്നോണമുള്ള
ആഴത്തിലുള്ള ഗർത്തങ്ങളും

 
കോടമഞ്ഞിന്റെ പാളികളാൽ
കാഴ്ച ഇടയ്ക്കു മറയുന്നു
അല്പനെരമെങ്കിലും ചില കാഴ്ചകൾ
മറഞ്ഞിരിക്കുന്നതിനാൽ അതിനപ്പുറം ശൂന്യമെന്നും
എനിക്ക് നിനക്കാമല്ലോ
 
കൊഡൈക്കനാലിലെക്കു ഇനിയും
വളരെ ദൂരമുണ്ട്
ഇനി അഥവാ എന്റെ ദൂരത്തിന്റെ കണക്കു
അത്ര ശരിയല്ലെങ്കിലും കുഴപ്പമില്ല
 
ഞാൻ കണ്ടിട്ടുള്ള ചിത്രങ്ങിൽ
അങ്ങു കൊഡൈകുന്നുകൾ
മഞ്ഞിൻ കമ്പിളി പുതച്ചും പച്ചപ്പും
കടുംനിറമുള്ള പൂക്കളാൽ പൊതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
ചന്നം പിന്നം ചാറികൊണ്ടിരിക്കുന്ന
 
മഞ്ഞുതുള്ളികൾക്കിടയിലൂടെ
ആയിരം കുതിരകളെ പൂട്ടിയ സ്വപ്നതേരിലിരുന്നു
പായുന്ന യൌവനങ്ങളുമുണ്ടായിരുന്നു
കൊഡൈക്കനാലിലെക്കു എത്താൻ എനിക്ക്
തീരെ തിടുക്കമില്ല

സ്വപ്നങ്ങൾ കണ്ടു കണ്ടു പോകുന്ന
ഈ യാത്രക്കല്ലേ യാഥാര്ത്യത്തിന്റെ
വരച്ചു തീര്ന്ന ചിത്രങ്ങളേക്കളും ചാരുത ചാരുത?
 
വിൽസൻ അലക്സാണ്ടർ

സപ്തംബർ 24, 2013

സിച്യുവാനിലെ കുഞ്ഞ്

സിച്യുവാനിലെ കുഞ്ഞിനു

ഇപ്പോൾ അവളുടെ അപ്പൂപ്പനെ കാണണം

ഇന്നെലെയും മിനഞ്ഞാന്നും

എന്നുമൊപ്പം കളിക്കുന്ന

അപ്പൂപ്പനെ ഇന്നിത്രനെരമായിട്ടും

കാണാനില്ലല്ലോ

അമ്മയും അമ്മൂമ്മയുമൊക്കെ കണ്ണ് തുടയ്ക്കുന്നു

അപ്പൂപ്പന്റെ കമ്പിളിയും കോട്ടും

കണ്ണടയും പുസ്തകങ്ങളുമൊക്കെ

ഒരു കുഴിയിൽ ഇട്ടു മൂടുന്നു *

അപ്പൂപ്പന് സ്വസ്ഥമായി ഉറങ്ങനിനി ഇവയൊക്കെ വേണമെന്നു അമ്മൂമ്മ

സിച്യുവാനിലെ കുഞ്ഞിനു ഒന്നും തിരിയുന്നില്ല

ഒരു വലിയ താരാട്ടിൽ ഇന്നലെ

സിച്യുവാനെയാകെ ആട്ടിയുറക്കിയപ്പോൾ **

കുഞ്ഞിനു കൈവിട്ടുപോയത് അപ്പൂപ്പനും

ആട്ടുകട്ടിലും തലക്കുമീതെയുള്ള കൂരയുമാണ്

എങ്ങലടികൾകിടയിലും

സിച്യുവാനിലെ കുഞ്ഞു തിരയുന്നു

ഇനി ഉണരാത്ത ഉറക്കിത്തിലാണ്ട അപ്പൂപ്പനെ

==== വിൽസൻ സ. അലക്സാണ്ടർ ഏപ്രിൽ 29, 2013

* പ്രിയപെട്ടവർ മരിക്കുമ്പോൾ അവരുടെ പ്രിയപ്പെട്ട വസ്തുക്കൾ കൂടെ അടക്കം ചെയ്യുന്നത് ചൈനീസ് രീതിയാണ്

** സിച്യുവാനിൽ ഈ മാസം ഉണ്ടായ ഭൂകമ്പത്തിൽ അനേകർ കൊല്ലപെട്ടു ആയിരക്കണക്കിന് പേർ വഴിയാധാരമായി

കാമമർദവാഹിനി

പിന്നെയും ഒരാണിന്റെ അധമത്വം

മറ്റൊരു പെണ്‍കുഞ്ഞിനു നേരെ ഉയര്ന്നുവോ?

ആം ആദ്മിയും ആം അല്ലാത്ത ആദ്മിയുമെല്ലം

ഇന്ദ്രപ്രസ്ഥത്തിൽ ആക്രോശിക്കുന്നു

ഇന്ത്യയൊട്ടാകെ അതലയടിക്കുന്നു

ഞാൻ ഇനി എന്തുവിശ്വസിച്ച്

എന്റെ പെങ്ങളെയും ഓമന പൊന്മണികുഞ്ഞിനേയും

കണ് വെട്ടത്തുനിന്ന് മാറ്റി നിര്ത്തും

അടുത്ത വീട്ടിലെ അപ്പൂപ്പനെയോ അതോ

എന്റെ ഫ്ലാറ്റിലെ പങ്കാളിയായ എക്സിക്യൂട്ടീവ് ബാച്ചിലറെയോ

അതല്ല എന്റെ കുഞ്ഞെന്നും ടാറ്റാ പറയുന്ന

ന്യൂസ്‌ പേപ്പർ ബോയ്‌ മമാമനെയോ?

ആർക്കറിയാം ഇവരിൽ ആരൊക്കെ എന്തൊക്കെ നിരൂപിച്ചുകൂട്ടുന്നുവെന്നു

ഇനിയെങ്കിലും നമുക്കീ കപടസദാചാരത്തിന്റെ

മുഖംമൂടി അഴിച്ചു വെക്കാം

കാലതിനോത്തോരു കോലം തീർക്കം

നടോട്ടകെ ഉയരട്ടെ ആധുനീക രാജനീഷുമാരുടെ ആശ്രമങ്ങൾ

സന്മാര്ഗവും വേദാന്തവും മോക്ഷവുമൊക്കെ

മനസിലാകാൻ ബുദ്ധി തടസാമാവുന്നവര്ക്ക്

സ്വാഗതമേകുന്ന ശാന്തികൂടരങ്ങളായി!

കാമമർദം നിറഞ്ഞു പൊട്ടിത്തെറിക്കാനിരിക്കുന്ന

കുറെ ജന്മങ്ങൾക്ക് ഹോമിക്കനിനി ഇവിടെ

ഒരു പെണ്കുഞ്ഞിനും വിധിയുണ്ടാകതിരിക്കട്ടെ!



------ വിൽസൻ സ. അലക്സാണ്ടർ, ഏപ്രിൽ 25, 2013

സ്നേഹം - ഇപ്പോൾ വില എങ്ങിനെ?

തണുത്തു വിറങ്ങലിച്ച കുടകിലെ കാപ്പിതോട്ടങ്ങളിൽ നിന്ന്

കഫെ കോഫി ഡേയിൽ എത്തുന്ന സ്നേഹത്തിനു

എഴുപത്തഞ്ചു രൂപ

പ്രണയം നിറച്ചു വിളമ്പിയ ബാസ്കിൻ റോബിന്സ് ലെ

നിറങ്ങൾ അണിയിച്ച ഐസ് ക്രീമ്നു

നൂറ്റി ഇരുപത്തഞ്ചു രൂപ മാത്രം

മൾട്ടിപ്ലെക്സിലെ ഇരുട്ടിൽ സ്നേഹത്തിനു

വില മുന്നൂറു കവിയും

പിസ്സ ഹട്ടിലും മക് ഡോണാഡിലും

ശകാഹാരിയായ സ്നേഹത്തിനു വില ആയിരത്തിലേറെ

പിന്നെ എപ്പൊഴൊ കണക്ക് പറയാതെ പിരിഞ്ഞു പോകുമ്പോൾ

പലവക കള്ളിയിൽ സ്നേഹം കുറെ അക്കങ്ങളിൽ മാത്രം

ഒരിക്കൽ ചായയും വടയും സ്വപ്നങ്ങളും പങ്കു വെച്ച്

പറയാൻ വാക്കുകൾ ബാക്കി വെച്ച്

കിനാവിൽ പൂമ്പാറ്റകൾക്കൊപ്പം പറന്നു

മഞ്ഞും മഴയും കൊണ്ട്

സ്നേഹത്തെ നാളുകളോളം

ഹൃദയത്തിന്റെ ചന്ദന ചെപ്പിലോളിപ്പിച്ചു നടന്നിരുന്ന

എന്റെ സ്നേഹത്തിനു നീ എന്ത് വിലയിടും?

*************************

വിൽസൻ അലക്സാണ്ടർ

മാർച്ച്‌ 26, 2013

എന്റെ മതം

എന്റെ മതം കോണ്‍ഗ്രസ്‌

നിനക്ക് മതമില്ല പക്ഷെ
ചെങ്കൊടി കണ്ടാല്‍ രോമാന്ചഅമുണ്ടാകും

നിനക്കും മതമില്ല പക്ഷെ
കാവി പുതച്ചേ നടക്കൂ
എന്നും മോഡിയെ സ്വപ്നം കാണും

നിനക്ക് പണ്ടേ മതമില്ല പക്ഷെ
പാക്കിസ്ഥാന്‍ ക്രിക്കറ്റുകളി ജയിച്ചാല്‍
എല്ലാവര്ക്കും പച്ച ജിലേബി

എന്റെ മതം കോണ്‍ഗ്രസ്‌
ഇവിടെ ജീവിക്കാന്‍ എനിക്കും ഒരു മതം വേണ്ടേ?

ഞാൻ

ഇവിടെ എല്ലാവരും എനിക്കെതിരെ ചിന്തിക്കുന്നു

എന്റെ കസേരയില്‍ നോട്ടമിട്ടിരുന്നു

എന്നെ അസ്ഥിരപെടുത്തന്‍ തക്കം പാര്‍ത്തിരിക്കുന്നു

ഗൂഡതന്ത്രങ്ങള്‍ മെനയുന്നു

ഞാന്‍ ജാഗരൂകന്നായിരിക്കേണം

സദ്ദംമും ഗദാഫിയും മുബാറക്കും പോയി

ഇനി ഒരു ബഷര്‍ അല്‍ ആസാദും ഞാനും മാത്രം

എന്റെ ശക്തി ഞാന്‍ കാണിച്ചുകൊടുക്കും

ഞാന്‍ ആരാണ് എന്ന് അവര്‍ക്കറിയില്ലല്ലോ ?

ഞങ്ങള്‍ തവളകള്ക്കിടയിലും മുല്ലപൂവിപ്ലവമോ?

പ്രണയത്തിന്റെ നിയമങ്ങള്‍

               പ്രണയത്തിനും സൌഹൃദത്തിനും

പൊതുവെ ചില നിയമങ്ങളുണ്ട്
വിത്തിട്ടു വളമിട്ടു വെള്ളമിറ്റിച്ചു
വളച്ചുകെട്ടി നാമ്പിടുമ്പോള്‍
കത്തുന്ന ചൂടില്‍ വാടി പോകാതെ


തണലായിമാറനുമുളള നിയമങ്ങള്‍
മൊട്ടിട്ടു തുടങ്ങുമ്പോഴും
പിന്നെ പൂവായി വിരിയുമ്പോഴും
തീരാത്ത ചില നിയമങ്ങള്‍
 
നിഴലായി കൂടെ നില്ക്കാനും
കളവുപറയാത്ത കണ്ണാടിയായി മാറിയും
പരസ്പരം താങ്ങിയും പാതിവഴിയില്‍
കളയാതെ നോക്കാനുമുള്ള നിയമങ്ങള്‍


സ്വയം കത്തിനിന്നു വെളിച്ചമേകാനും
എണ്ണ തീരാതെ നോക്കാനും
കരിഞ്ഞു തീര്‍ന്ന തിരി മാറ്റി
കനിവേറും സ്നേഹത്തില്‍ ‍ തീര്‍ത്ത
തിരിയിട്ട് കാലത്തെ നോക്കി വെല്ലുവിളിച്ചു നില്‍ക്കാനുമുള്ള
നിയമങ്ങള്‍


നിയമങ്ങളൊന്നുമില്ലാത്ത സമയംകൊല്ലി പ്രണയത്തിനു
എന്തിനൊരു ദിനം ചാര്‍ത്തി കൊടുക്കണം
പ്രണയത്തിനും നല്ല സൌഹൃദത്തിനും
ഇങ്ങനെ കുറെ നിയമങ്ങളുള്ളപ്പോള്‍ ?
 
****** വിത്സണ്‍ അലക്സാണ്ടര്‍ - 2013 ലെ പ്രണയ ദിനം *****