2014, നവംബർ 18, ചൊവ്വാഴ്ച

ഫിലെ ഉറക്കത്തിലാണ്, നമ്മളും

ഫിലെ *ഉറക്കത്തിലാണ്, നമ്മളും

ദശകോടി മൈലുകൾ താണ്ടിയുള്ള യാത്രയിൽ
ഇതുവരെ ഫിലെ ഒന്ന് കണ്ണടച്ചിട്ടില്ല
രാത്രിയെന്നോ പകലെന്നോ ഭേദമന്യേ
 
ചന്ദ്രനും ചൊവ്വയും ബുധനും കേതുവും പിന്നെ
ഒട്ടേറെ താരഗണങ്ങളും കണ്ടു
വ്യോമാന്തരീക്ഷത്തിലെ ശൂന്യതയുടെ ശബ്ദവീചികൾകിടയിലും
പാഞ്ഞു പോകുന്ന ഉൽക്ക ചീളുകളും കൊടും തണുപ്പിന്റെ
മരവിപ്പും ദിക്കറിയാത്ത യാത്രയും
 
ഇടയ്കിടെ കണ്ടു പല വർണ പതാക പതിച്ചു
കോടികൾ കത്തിച്ചു പുറത്തെക്ക് വലിച്ചെറിഞ്ഞ യന്ത്ര ചെപ്പുകളും **
 
ഇങ്ങു ഭൂതലത്തിൽ എബോളയോ എയിഡ്സോ ഏതോ
പേരറിയാത്ത ജനുസ്സിലെ ജീവ കോശമോ
പതിനായിരങ്ങളുടെ ജീവൻ പന്താടുന്നു 
തെരുവിലും കുറ്റികാട്ടിലും പനിച്ചു വിറച്ചു
പ്രാണൻ വെടിയുന്നു
 
ജീവന്റെ തുടിപ്പ് ധൂമകേതുവിൽ നിന്നോ?
താനെ പൊട്ടി മുളച്ചോ അതോ ഒരു ദൈവകണത്തിൽ നിന്നുൽഭവിച്ചോ?
എന്തെങ്കിലുമാവട്ടെ, ഇനിയുമൊരായിരം ജീവൻ
എബോളയുടെ പിടിയിലമാരട്ടെ, ആർക്കു ചേതം?
 
എന്നാലും ഫിലെ ഒന്നുണർന്നെങ്കിൽ....

*
ഫിലെ ലാണ്ടർ, പത്തു വർഷം 6 ബില്ല്യൻ കിലോമീറ്റർ യാത്ര ചെയ്തു 67P എന്ന് പേരുള്ള വാൽ നക്ഷത്രത്തിൽ നവംബർ 12 നു ചെന്ന് ചേര്ന്നു. നവംബർ 15 നു കണ്ട്രോൾ സ്റ്റേഷനുമായുള്ള ബന്ധം വിച്ഛെദിക്കപെട്ടു.

**ഓരോ രാജ്യങ്ങൾ അയക്കുന്ന ഉപഗ്രഹങ്ങൾ

വിൽസൻ - നവംബര് 18, 2014

2014, മേയ് 24, ശനിയാഴ്‌ച

അർഷെയ ക്ഷമിക്കുക


 
മുകുന്ദ്* നീയും പോയി കൂടെ പേരറിയാത്ത ഒരു ഭടനും
ആർക്കു വേണ്ടി നീ ചോര ചീന്തിയെന്നെനിക്കറിയില്ല
ഭാരതംബയ്ക്ക് വേണ്ടിയോ അതോ നിന്റെ ലാളനയറിഞ്ഞു
കൊതി തീരാത്ത ഓമന മകൾക്ക്‌ വേണ്ടിയോ?
 
ആരായിരുന്നു നിന്റെ ശത്രു?
ദിക്കും ദിശയുമറിയാതെ പാവ കണക്കെ
പോരാടുന്ന കുറെ മനുഷ്യജന്മങ്ങളൊ?
അതോ സഹോദരനെ സ്നേഹിക്കനാവാതെ
ദൈവത്തിന്റെ പേരിൽ ആയുധം എടുക്കുന്നവരോ?
 
ഞങ്ങൾ കാട്ടി തന്നവരായിരുന്നു നിന്റെ ശത്രു !
അനുവാദമില്ലാതെ ഈ രാജ്യത്തിന്റെ അതിർത്തി
കടന്നു വന്നവരെല്ലാം ശത്രു എന്നാണല്ലോ നിന്നെ
ഞങ്ങൾ പഠിപ്പിച്ചത്
 
ചോരവീണ ആ മണ്ണിൽ വിരിയുന്ന കുങ്കുമപൂക്കൾക്ക്
ഇനി  നിറം ഇരട്ടിക്കും
ആയിരങ്ങളുടെ കണ്ണീരും ചോരയും വീണ
ആ ഭൂമിയിലെ ഉറവകൾക്കും
ചുവന്ന നിറമായിരിക്കും
 
നാളെ നിന്റെ പോന്നോമാനയോടും മറ്റനേകം കുഞ്ഞുങ്ങളോടും
ഞങ്ങൾ കണക്കു പറയേണ്ടിവരും
ഇനിയെങ്കിലും ഈ കുരുതിക്കൊരു അവസാനം കണ്ടില്ലെങ്കിൽ !
 
* കഷ്മീരിലെ ഷോപിയനിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സാധാരണ
  ഏറ്റുമുട്ടലിൽ പൊലിഞ്ഞു പോയ മുകുന്ദ് എന്ന പട്ടാള ഓഫീസർ. ആ കുടുംബത്തെ
  എനിക്ക് അറിയുമെന്നതിനാൽ വെറുമൊരു സാധാരണ പത്രവാർത്തയായി
   അത് വായിക്കാനായില്ല. മൂന്ന് വയസ്സുള്ള മകൾ അർഷെയ.
 
>>വിത്സണ്‍ അലക്സാണ്ടർ, മെയ്‌ രണ്ടു, രണ്ടായിരത്തി പതിന്നാലു <<

2014, മാർച്ച് 18, ചൊവ്വാഴ്ച

ആൾറൈറ്റ്, ഗുഡ്നൈറ്റ്‌

ഇനിയുമവർ കാത്തിരിക്കുന്നു
നാൾ പത്തു കഴിഞ്ഞിട്ടും കാണാനാവാതെ
ആകാശവിഹായസ്സിൽ നിന്നും മാഞ്ഞു പോയ
ആ വ്യോമയാനത്തിൽ നിന്നുള്ള
സൂചനകൾക്കായി

കറുത്തവരും വെളുത്തവരും
സ്നേഹം പങ്കിടാൻ പോയവരും
പ്രതീക്ഷയുടെ ചിറകിലേറി പറന്നവരും
ഇന്നെവിടെ
ആഴിക്കടിയിലോ ഏതോ അഗാഥ ഗർത്തതിലോ
അജ്ഞാതമായ ഒരു ശത്രുപാളയതിലോ
അതോ ഈ വ്യോമാംബരത്തിനുമപ്പുറമോ
ആർക്കറിയാം

ആളുമര്ഥവുമൊക്കെ എത്രയെന്നാലും ആകട്ടെ
ശത്രുത വെടിഞ്ഞു രാജ്യങ്ങളോന്നായി
ഈ തിരച്ചിൽ തുടരട്ടെ
തോരാത്ത കണ്ണുനീരിനോരറുതി  വരും വരെ
 
പ്രതീക്ഷ കൈവിടില്ല നാം
ഞങ്ങളുടെ കാതിൽ മുഴങ്ങുന്നു
ആൾറൈറ്റ്, ഗുഡ്നൈറ്റ്‌ * !

വിൽസൻ അലക്സാണ്ടർ
മാർച് 18, 2014

*മലേഷ്യൻ വിമാനം MH 370 യിൽ നിന്നുള്ള അവസാനത്തെ സന്ദേശം

2014, മാർച്ച് 8, ശനിയാഴ്‌ച

കൂട്ടുകാരി


 

കൂട്ടുകാരി 
==========
എനിക്കും നിനക്കുമിടയില്‍ സൌഹൃദമുണ്ട്
സൌഹൃദത്തിനപ്പുറം എനിക്ക് നിന്നോട്
മറ്റെന്തെല്ലാമോ ഉണ്ട് ...
അതില്‍ സ്നേഹമോ, കരുണയോ, ആരാധനയോ, അസൂയയോ
എനിക്കറിയില്ല
നിന്റെ കണ്ണുകളില്‍ ഞാന്‍ ഒരിക്കലും തിളക്കം കണ്ടിട്ടില്ല
ചത്ത മീനിന്റെ കണ്ണുകളിലെ ഭാവമാണ്
ചിത്രത്തില്‍ എപ്പോഴും നിന്റെ കണ്ണുകള്‍ക്ക്‌
നിന്റെ നീണ്ട എഴുത്തുകള്‍ എനിക്ക്
എത്ര വായിച്ചാലും മതിയാവില്ല
ഇത്ര ഭംഗിയുള്ളപദകൂട്ടുകള്‍ ഞാന്‍ എവിടെയും
കണ്ടിട്ടില്ല
എന്നാല്‍ നിന്റെ അക്ഷരങ്ങളുടെ വടിവ് കാണാന്‍
എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
കാരണം ഞാന്‍
കാണുന്നത് അച്ചടിച്ച പുറങ്ങള്‍ ആണല്ലോ
എങ്കിലുംഎനിക്ക് നിന്നോട്
സൌഹൃദത്തിനപ്പുറം എന്തെല്ലാമോ തോന്നുന്നു
എന്റെ ഈ തോന്നലുകളൊക്കെ ഞാന്‍ നിന്നെ
എങ്ങനെ അറിയിക്കും
എന്റെ കൈയെത്താദൂരത്തുള്ള
ഗ്രന്ഥത്തിലെ കൂട്ടുകാരിയല്ലേ നീ 

വില്‍സന്‍ അലക്സാണ്ടര്‍
മാര്‍ച്ച്‌ 8, ലോക വനിതാ ദിനം