2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

നീ ഇനി എന്ന് വരും ?

നീ ഇനി എന്ന് വരും ?

തുലാ മാസത്തിലെ ഈർപ്പമുള്ള പകൽ,
നീ എത്ര പ്രസന്നവതിയായിരിക്കുന്നു
...
എന്നും ഇരുൾ വീഴും വഴി മാത്രം കാണാൻ
വിധിക്കപെട്ട ഞാനിന്നു കൺനിറയെ
എന്റെ നടവഴിയിലൊക്കെ
പ്രകാശം പരന്നത് കാണുന്നു


കരകാണാതൊടുന്ന എന്റെ ജീവിത യാനം
ഇന്ന് അല്പമൊന്നു വിശ്രമിക്കട്ടെ
എന്റെ കുരുന്നുകളുടെ സ്നേഹം ഞാനിന്നു
ആവോളം നുകരട്ടെ


ആഭ്യന്തര വളർച്ച നിരക്കിടിവോ
ആഗോള എണ്ണ വിലയോ എന്തോ ആകട്ടെ
ഈ വിദ്യ പഠിപ്പിച്ച മഹാത്മാവേ നന്ദി
'ഹർത്താൽ' ദിനമേ നീ ഇനി എന്ന് വരും ?


-- അലക്‌സാണ്ടർ വിത്സൺ, ഒക്ടോബറിലെ ഒരു ഹർത്താൽ ദിനം

അഭയാർത്ഥി

അഭയാർത്ഥി

ആരോ വിളിച്ചു പറഞ്ഞു
അഭയാർത്ഥികൾ വരുന്നേ ...
ഞാനും വിളിച്ചു കൂവി
അഭയാർത്ഥികൾ വരുന്നേ ...

അവരുടെ കണ്ണുകൾ ചത്ത മീനിന്റെതുപോലെയായിരുന്നു
കവിളുകളിൽ കണ്ണീരിറ്റു  വീണു ഉണങ്ങിയ
ചാലുകളും കണ്ടില്ല
കാഴ്ചയിൽ എല്ലാം ഒരമ്മ പെറ്റ മക്കൾ പോലെ

പത്തല്ല നൂറല്ല ആയിരമായി അവർ
ചാകര കോളുപോലെ മഹാ സമുദ്രം താണ്ടി വരുന്നു
പുറപെട്ടതാരൊക്കെ? തീരമണഞ്ഞവരാരൊക്കെ?
ആർക്കറിയണം ?
അവർ വെറും അഭയാർത്ഥികൾ

ആരോ വീണ്ടും വിളിച്ചു കൂവുന്നു.
വന്ധ്യംകരണം , വന്ധ്യംകരണം ...
വിശപ്പും കുളിരും മാറ്റാൻ വരട്ടെ
ആദ്യം വരി ഉടയ്ക്കാം ... പിന്നെ പശിയടക്കാം
അവർ അഭയാര്ഥികളല്ലേ ?


അലക്‌സാണ്ടർ വിത്സൺ, 2017 ഒക്ടോബർ


* റോഹിൻഗ്യ അഭയാർത്ഥികളെ വന്ധ്യംകരിക്കണമെന്നു ബംഗ്ലാദേശ് സർക്കാർ  തീരുമാനം 

2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യം..

സ്വാതന്ത്ര്യം..

കണ്ണ് ചിമ്മാതെ നിന്നെ നോക്കിയിരിക്കുമ്പോൾ
നിന്റെ ചെറു ചലനങ്ങൾ പോലും
സ്പന്ദമാപിനിയിലെന്നപോലെ അളന്നു കുറിക്കുമ്പോൾ
നിന്റെ കണ്ണുകൾ സഞ്ചരിക്കുന്ന വഴിയേ ഒരു
യന്ത്രപ്പാവ കണക്കെ പിന്തുടരുമ്പോൾ

നിന്റെ ഇരിപ്പിലും നടപ്പിലും
വേഷത്തിലും എന്റെ ശ്രദ്ധ പതിയുമ്പോൾ
നിന്റെ ചിന്തകളിൽ വെറുതെ ഞാൻ പരതുമ്പോൾ
മൗനത്തിന്റെ രീതി ശാസ്ത്രത്തിൽ ഇടപെടുമ്പോൾ

ഞാൻ കൊരുത്തിട്ട താലിച്ചരടിൽ നിന്നും
അദൃശ്യമായി നീട്ടിയിട്ട സ്വർണ ചരടിനെ
എന്റെ ചൂണ്ടു വിരലിൽ മൃദുവായി ചുഴറ്റി നടക്കുമ്പോൾ
നീ എന്തിനു സ്വാതന്ത്ര്യത്തിനായി  കേഴുന്നു?

നീ സർവ സ്വാതന്ത്രയല്ലേ പ്രിയേ ? 


>>>>അലക്‌സാണ്ടർ വിത്സൺ, സ്വാതന്ത്ര്യ ദിനം 2017 <<<<

2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

മറവി ഒരോർമ്മ

മറവി ഒരോർമ്മ
******************
ഞാൻ മറന്നുപോയതിലൊന്നിലും നീയില്ല
എന്റെ ഓർമ്മകൂടാരങ്ങളിളിലൊന്നിൽ
എന്നും ഒരു തൂവൽ പോലെ പറന്നു കളിച്ചു
നീ എന്റെ കൺവെട്ടത്ത് നിന്ന് മാറി മറഞ്ഞിരുന്നു

മറവി എന്ന മഹാ മാന്ത്രികൻ എന്നെയൊരു
അഴിയച്ചങ്ങലക്കുള്ളിൽ തളക്കാൻ നോക്കുമ്പോഴും
എന്റെ ശേഷിക്കും നാഡിശ്രിംഖലകളുടെ
കണ്ണിയായ്  നീ മാറിയിരുന്നു

ഞാൻ നടന്ന പാതകളിൽ അനുഭവിച്ച പൂക്കളയുടെ ഗ
ന്ധവും
ഞാൻ കൺ നിറയെ കണ്ടാനന്ദിച്ച നിലാവും
ചാറ്റമഴ തോരുംമുമ്പ് പടർന്ന ഇള  വെയിലും എല്ലാം
ചിറകുവെച്ചു പറന്നു പോയ ഓർമ്മകളായിരിക്കുന്നു

ഇന്നോർമ്മ തൻ തണൽ മരത്തിൽ പാർക്കാൻ
കിളികളേതുമില്ല
അവസാനം കൂടൊഴിഞ്ഞു പോയത് മൈനയോ ചെമ്പൻ മരംകൊത്തിയോ?
നീ മാത്രം ഇന്നും ഒരു തൂവലായ് പറന്നു എന്റെ ചുറ്റും
ലോലമായിഎന്തിനു എന്നെ തഴുകുന്നു?

വിത്സൺ --- സെപ്തംബര് 21 . ലോക മറവി ദിനം

2015, നവംബർ 23, തിങ്കളാഴ്‌ച

ഫേസ്ബുക്കിൽ ഞാൻ


ഫേസ്ബുക്കിൽ ഞാൻ
=======================
നാളുകൾ  കൂടി ഞാനിന്നു എന്റെ 
മുഖപുസ്തക*  താളിൽ  നിന്നും ഒന്ന് പുറത്തേക്കിറങ്ങി

 എന്നോ  കണ്ടു മറന്ന മുഖങ്ങളിൽ
തിരിച്ചറിയാനാവാത്ത വികാര  വിക്ഷോഭങ്ങൾ 

എനിക്ക് അപരിചിതമായ 'ഫീലിങ്ങ്സ്' എന്നെ നോക്കി
പല്ലിളിക്കുന്നു

ചുവരിലെ ചിത്രത്തിൽ എനിക്കൊപ്പം
പരിഭ്രമവും ലജ്ജയും കലര്ന്ന മുഖമുള്ള ഒരു സുന്ദരി  

എനിക്കരികെ നില്ക്കുന്ന  അവളുടെ കണ്ണിൽ ആര്ദ്രത കലര്ന്ന സ്നേഹമോ
അതോ  വെറുപ്പിന്റെ ഒരു ലാന്ജനയോ?

അവൾക്കരികെ എന്നെ തുറിച്ചു നോക്കി
ദുപ്പട്ടയിൽ പിടിച്ചു തൂങ്ങുന്ന ആണ്കുട്ടിക്ക് എന്റെ അതെ ഛായ!

ഒതുങ്ങി മാറാൻ നോക്കുമ്പോഴൊക്കെ
എന്നിലേക്ക് ചേർന്ന് നില്ല്ക്കനോരുങ്ങുന്നു അവർ

അയ്യോ..എന്റെ പ്രജ്ഞയുടെ വാതായനങ്ങൾ
ആഞ്ഞു തള്ളി തുറക്കനോങ്ങുന്നു ആരൊക്കെയോ..

 എന്റെ ഇഷ്ടങ്ങൾക്ക് ഇവിടെ സ്ഥാനമില്ല
എന്റെ മോഹങ്ങൾ ഇവിടെ ചിറകു വിരിക്കില്ല 

എനിക്ക് ഇവിടെ പരിചിതരാരൂമില്ല
പ്രാണ വായുപോലുമില്ല

അല്ല ഇത്  എന്റെ ഇടമല്ല തീര്ച്ച
ഞാൻ തിരികെ എന്റെ മുഖപുസ്തകത്താളിലേക്ക്   തിരികെ പോകട്ടെ !
* Facebook
=== നവംബർ 22, 2015 ===

2015, ജൂൺ 3, ബുധനാഴ്‌ച

റോസ്മേരി

 
 
തിരക്കേറിയ എന്റെ പകലുകളിലും
ശബ്ദായമാനമായ ഇടനാഴികളിലും
വിരസങ്ങളായ ഔദ്ദ്യോഗിഗ ചര്ച്ചകളിലും
ഒഴിഞ്ഞു മാറിയിരിക്കുന്ന ഉച്ചവിശ്രമ വേളകളിലും
നീ എന്റെ ഒപ്പമുണ്ട്
 
കലഹിച്ചും കണ്ണ് കലങ്ങിയും മുന്നിലിരുന്നു
ഉത്തരമില്ലാത്ത നിന്റെ നൂറു ചോദ്യങ്ങള്ക്ക്
ജ്ഞാനോദീപാകമായ എന്റെ ഉത്തരങ്ങൾക്കു
കാതോർത്തിരുന്ന നീ ആരാണ്?
 
വൻവൃക്ഷമായി വളർനെന്നകണക്കെയുള്ള
എന്റെ ഇല്ല വലിപ്പത്തിൽ അന്തം വിട്ടു നീയെന്നെ
ഉള്ളതിലുമേറെയായി കാട്ടി
ലജ്ജിപ്പിക്കുന്നു..
 
വേനൽ കടുത്തു എന്റെ മനസ്സ് ഉരുകി ഒലിക്കുന്ന ദിനങ്ങളിൽ
വിരഹം നുരഞ്ഞു പൊന്തുന്ന ഗ്ലാസ്സിനെ
മുറുകെ പിടിച്ചിരിക്കുമ്പോൾ
എന്റെ കുപ്പായ കൈയറ്റ കുടുക്കിൽ പതിച്ച
രത്നകല്ലിനെ റോസ്‌മേരി എന്ന് വിളിക്കട്ടെ?
 
 
--- 2015 മെയ്‌ 31 ---
 

2014, നവംബർ 18, ചൊവ്വാഴ്ച

ഫിലെ ഉറക്കത്തിലാണ്, നമ്മളും

ഫിലെ *ഉറക്കത്തിലാണ്, നമ്മളും

ദശകോടി മൈലുകൾ താണ്ടിയുള്ള യാത്രയിൽ
ഇതുവരെ ഫിലെ ഒന്ന് കണ്ണടച്ചിട്ടില്ല
രാത്രിയെന്നോ പകലെന്നോ ഭേദമന്യേ
 
ചന്ദ്രനും ചൊവ്വയും ബുധനും കേതുവും പിന്നെ
ഒട്ടേറെ താരഗണങ്ങളും കണ്ടു
വ്യോമാന്തരീക്ഷത്തിലെ ശൂന്യതയുടെ ശബ്ദവീചികൾകിടയിലും
പാഞ്ഞു പോകുന്ന ഉൽക്ക ചീളുകളും കൊടും തണുപ്പിന്റെ
മരവിപ്പും ദിക്കറിയാത്ത യാത്രയും
 
ഇടയ്കിടെ കണ്ടു പല വർണ പതാക പതിച്ചു
കോടികൾ കത്തിച്ചു പുറത്തെക്ക് വലിച്ചെറിഞ്ഞ യന്ത്ര ചെപ്പുകളും **
 
ഇങ്ങു ഭൂതലത്തിൽ എബോളയോ എയിഡ്സോ ഏതോ
പേരറിയാത്ത ജനുസ്സിലെ ജീവ കോശമോ
പതിനായിരങ്ങളുടെ ജീവൻ പന്താടുന്നു 
തെരുവിലും കുറ്റികാട്ടിലും പനിച്ചു വിറച്ചു
പ്രാണൻ വെടിയുന്നു
 
ജീവന്റെ തുടിപ്പ് ധൂമകേതുവിൽ നിന്നോ?
താനെ പൊട്ടി മുളച്ചോ അതോ ഒരു ദൈവകണത്തിൽ നിന്നുൽഭവിച്ചോ?
എന്തെങ്കിലുമാവട്ടെ, ഇനിയുമൊരായിരം ജീവൻ
എബോളയുടെ പിടിയിലമാരട്ടെ, ആർക്കു ചേതം?
 
എന്നാലും ഫിലെ ഒന്നുണർന്നെങ്കിൽ....

*
ഫിലെ ലാണ്ടർ, പത്തു വർഷം 6 ബില്ല്യൻ കിലോമീറ്റർ യാത്ര ചെയ്തു 67P എന്ന് പേരുള്ള വാൽ നക്ഷത്രത്തിൽ നവംബർ 12 നു ചെന്ന് ചേര്ന്നു. നവംബർ 15 നു കണ്ട്രോൾ സ്റ്റേഷനുമായുള്ള ബന്ധം വിച്ഛെദിക്കപെട്ടു.

**ഓരോ രാജ്യങ്ങൾ അയക്കുന്ന ഉപഗ്രഹങ്ങൾ

വിൽസൻ - നവംബര് 18, 2014