2013, നവംബർ 19, ചൊവ്വാഴ്ച

യാത്ര

യാത്ര തുടരുകയാണ്
എന്ന് തുടങ്ങിയെന്നോർമയില്ല
പോയ വഴികൾ പലതും മറന്നിരിക്കുന്നു
കൈ പിടിച്ചു കൊണ്ടുപോയവയും

എന്തിനെന്നോ ഏതിനെന്നോ
ഇനിയും നിശ്ചയമില്ല
കാഴ്ചകൾ പലതും കണ്ടു ചിലതൊക്കെ
ഓർത്തെടുക്കാനാവാത്ത വിധം മങ്ങിയിരിക്കുന്നു

എന്നാലും കുറെക്കാലം ഒപ്പം നടന്നിരുന്നവരെ 
ഞാനോർത്തിരിക്കുന്നു
പിന്നെ ഏറെനാൾ എന്റെ വഴിയിൽ
പ്രതീക്ഷയുടെ പൊൻ നിനവായ് ഒപ്പം നടന്ന
നിന്നെയും

വഴികൾ നാടുകൾ പിന്നിടുന്നു
മുഖങ്ങളും തെളിയുന്നു  മറയുന്നു
എന്റെ പാഥേയത്തിൻ പങ്കു പറ്റിയവരും
പാതി മയക്കത്തിൽ
ഒരു വാക്ക് പറയാതെ പോയവരും
ഹൃദയത്തിൽ ഇടം പിടിച്ചവരും

യാത്ര തുടരുകയാണ്
നാളേറെ കഴിഞ്ഞാലും സഖി
നമ്മുടെ വഴികൾ
ഇനിയുമെവിടെയെങ്കിലും കൂട്ടിമുട്ടാതിരിക്കില്ല
കാലത്തിന്റെ ഏതെങ്കിലൂമൊരു
നാലും കൂടിയ കവലയിൽ

---- നവംബർ 19, 2013  -----