2014 നവംബർ 18, ചൊവ്വാഴ്ച

ഫിലെ ഉറക്കത്തിലാണ്, നമ്മളും

ഫിലെ *ഉറക്കത്തിലാണ്, നമ്മളും

ദശകോടി മൈലുകൾ താണ്ടിയുള്ള യാത്രയിൽ
ഇതുവരെ ഫിലെ ഒന്ന് കണ്ണടച്ചിട്ടില്ല
രാത്രിയെന്നോ പകലെന്നോ ഭേദമന്യേ
 
ചന്ദ്രനും ചൊവ്വയും ബുധനും കേതുവും പിന്നെ
ഒട്ടേറെ താരഗണങ്ങളും കണ്ടു
വ്യോമാന്തരീക്ഷത്തിലെ ശൂന്യതയുടെ ശബ്ദവീചികൾകിടയിലും
പാഞ്ഞു പോകുന്ന ഉൽക്ക ചീളുകളും കൊടും തണുപ്പിന്റെ
മരവിപ്പും ദിക്കറിയാത്ത യാത്രയും
 
ഇടയ്കിടെ കണ്ടു പല വർണ പതാക പതിച്ചു
കോടികൾ കത്തിച്ചു പുറത്തെക്ക് വലിച്ചെറിഞ്ഞ യന്ത്ര ചെപ്പുകളും **
 
ഇങ്ങു ഭൂതലത്തിൽ എബോളയോ എയിഡ്സോ ഏതോ
പേരറിയാത്ത ജനുസ്സിലെ ജീവ കോശമോ
പതിനായിരങ്ങളുടെ ജീവൻ പന്താടുന്നു 
തെരുവിലും കുറ്റികാട്ടിലും പനിച്ചു വിറച്ചു
പ്രാണൻ വെടിയുന്നു
 
ജീവന്റെ തുടിപ്പ് ധൂമകേതുവിൽ നിന്നോ?
താനെ പൊട്ടി മുളച്ചോ അതോ ഒരു ദൈവകണത്തിൽ നിന്നുൽഭവിച്ചോ?
എന്തെങ്കിലുമാവട്ടെ, ഇനിയുമൊരായിരം ജീവൻ
എബോളയുടെ പിടിയിലമാരട്ടെ, ആർക്കു ചേതം?
 
എന്നാലും ഫിലെ ഒന്നുണർന്നെങ്കിൽ....

*
ഫിലെ ലാണ്ടർ, പത്തു വർഷം 6 ബില്ല്യൻ കിലോമീറ്റർ യാത്ര ചെയ്തു 67P എന്ന് പേരുള്ള വാൽ നക്ഷത്രത്തിൽ നവംബർ 12 നു ചെന്ന് ചേര്ന്നു. നവംബർ 15 നു കണ്ട്രോൾ സ്റ്റേഷനുമായുള്ള ബന്ധം വിച്ഛെദിക്കപെട്ടു.

**ഓരോ രാജ്യങ്ങൾ അയക്കുന്ന ഉപഗ്രഹങ്ങൾ

വിൽസൻ - നവംബര് 18, 2014

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ