2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

നീ ഇനി എന്ന് വരും ?

നീ ഇനി എന്ന് വരും ?

തുലാ മാസത്തിലെ ഈർപ്പമുള്ള പകൽ,
നീ എത്ര പ്രസന്നവതിയായിരിക്കുന്നു
...
എന്നും ഇരുൾ വീഴും വഴി മാത്രം കാണാൻ
വിധിക്കപെട്ട ഞാനിന്നു കൺനിറയെ
എന്റെ നടവഴിയിലൊക്കെ
പ്രകാശം പരന്നത് കാണുന്നു


കരകാണാതൊടുന്ന എന്റെ ജീവിത യാനം
ഇന്ന് അല്പമൊന്നു വിശ്രമിക്കട്ടെ
എന്റെ കുരുന്നുകളുടെ സ്നേഹം ഞാനിന്നു
ആവോളം നുകരട്ടെ


ആഭ്യന്തര വളർച്ച നിരക്കിടിവോ
ആഗോള എണ്ണ വിലയോ എന്തോ ആകട്ടെ
ഈ വിദ്യ പഠിപ്പിച്ച മഹാത്മാവേ നന്ദി
'ഹർത്താൽ' ദിനമേ നീ ഇനി എന്ന് വരും ?


-- അലക്‌സാണ്ടർ വിത്സൺ, ഒക്ടോബറിലെ ഒരു ഹർത്താൽ ദിനം

അഭയാർത്ഥി

അഭയാർത്ഥി

ആരോ വിളിച്ചു പറഞ്ഞു
അഭയാർത്ഥികൾ വരുന്നേ ...
ഞാനും വിളിച്ചു കൂവി
അഭയാർത്ഥികൾ വരുന്നേ ...

അവരുടെ കണ്ണുകൾ ചത്ത മീനിന്റെതുപോലെയായിരുന്നു
കവിളുകളിൽ കണ്ണീരിറ്റു  വീണു ഉണങ്ങിയ
ചാലുകളും കണ്ടില്ല
കാഴ്ചയിൽ എല്ലാം ഒരമ്മ പെറ്റ മക്കൾ പോലെ

പത്തല്ല നൂറല്ല ആയിരമായി അവർ
ചാകര കോളുപോലെ മഹാ സമുദ്രം താണ്ടി വരുന്നു
പുറപെട്ടതാരൊക്കെ? തീരമണഞ്ഞവരാരൊക്കെ?
ആർക്കറിയണം ?
അവർ വെറും അഭയാർത്ഥികൾ

ആരോ വീണ്ടും വിളിച്ചു കൂവുന്നു.
വന്ധ്യംകരണം , വന്ധ്യംകരണം ...
വിശപ്പും കുളിരും മാറ്റാൻ വരട്ടെ
ആദ്യം വരി ഉടയ്ക്കാം ... പിന്നെ പശിയടക്കാം
അവർ അഭയാര്ഥികളല്ലേ ?


അലക്‌സാണ്ടർ വിത്സൺ, 2017 ഒക്ടോബർ


* റോഹിൻഗ്യ അഭയാർത്ഥികളെ വന്ധ്യംകരിക്കണമെന്നു ബംഗ്ലാദേശ് സർക്കാർ  തീരുമാനം 

2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യം..

സ്വാതന്ത്ര്യം..

കണ്ണ് ചിമ്മാതെ നിന്നെ നോക്കിയിരിക്കുമ്പോൾ
നിന്റെ ചെറു ചലനങ്ങൾ പോലും
സ്പന്ദമാപിനിയിലെന്നപോലെ അളന്നു കുറിക്കുമ്പോൾ
നിന്റെ കണ്ണുകൾ സഞ്ചരിക്കുന്ന വഴിയേ ഒരു
യന്ത്രപ്പാവ കണക്കെ പിന്തുടരുമ്പോൾ

നിന്റെ ഇരിപ്പിലും നടപ്പിലും
വേഷത്തിലും എന്റെ ശ്രദ്ധ പതിയുമ്പോൾ
നിന്റെ ചിന്തകളിൽ വെറുതെ ഞാൻ പരതുമ്പോൾ
മൗനത്തിന്റെ രീതി ശാസ്ത്രത്തിൽ ഇടപെടുമ്പോൾ

ഞാൻ കൊരുത്തിട്ട താലിച്ചരടിൽ നിന്നും
അദൃശ്യമായി നീട്ടിയിട്ട സ്വർണ ചരടിനെ
എന്റെ ചൂണ്ടു വിരലിൽ മൃദുവായി ചുഴറ്റി നടക്കുമ്പോൾ
നീ എന്തിനു സ്വാതന്ത്ര്യത്തിനായി  കേഴുന്നു?

നീ സർവ സ്വാതന്ത്രയല്ലേ പ്രിയേ ? 


>>>>അലക്‌സാണ്ടർ വിത്സൺ, സ്വാതന്ത്ര്യ ദിനം 2017 <<<<