2014, മേയ് 24, ശനിയാഴ്‌ച

അർഷെയ ക്ഷമിക്കുക


 
മുകുന്ദ്* നീയും പോയി കൂടെ പേരറിയാത്ത ഒരു ഭടനും
ആർക്കു വേണ്ടി നീ ചോര ചീന്തിയെന്നെനിക്കറിയില്ല
ഭാരതംബയ്ക്ക് വേണ്ടിയോ അതോ നിന്റെ ലാളനയറിഞ്ഞു
കൊതി തീരാത്ത ഓമന മകൾക്ക്‌ വേണ്ടിയോ?
 
ആരായിരുന്നു നിന്റെ ശത്രു?
ദിക്കും ദിശയുമറിയാതെ പാവ കണക്കെ
പോരാടുന്ന കുറെ മനുഷ്യജന്മങ്ങളൊ?
അതോ സഹോദരനെ സ്നേഹിക്കനാവാതെ
ദൈവത്തിന്റെ പേരിൽ ആയുധം എടുക്കുന്നവരോ?
 
ഞങ്ങൾ കാട്ടി തന്നവരായിരുന്നു നിന്റെ ശത്രു !
അനുവാദമില്ലാതെ ഈ രാജ്യത്തിന്റെ അതിർത്തി
കടന്നു വന്നവരെല്ലാം ശത്രു എന്നാണല്ലോ നിന്നെ
ഞങ്ങൾ പഠിപ്പിച്ചത്
 
ചോരവീണ ആ മണ്ണിൽ വിരിയുന്ന കുങ്കുമപൂക്കൾക്ക്
ഇനി  നിറം ഇരട്ടിക്കും
ആയിരങ്ങളുടെ കണ്ണീരും ചോരയും വീണ
ആ ഭൂമിയിലെ ഉറവകൾക്കും
ചുവന്ന നിറമായിരിക്കും
 
നാളെ നിന്റെ പോന്നോമാനയോടും മറ്റനേകം കുഞ്ഞുങ്ങളോടും
ഞങ്ങൾ കണക്കു പറയേണ്ടിവരും
ഇനിയെങ്കിലും ഈ കുരുതിക്കൊരു അവസാനം കണ്ടില്ലെങ്കിൽ !
 
* കഷ്മീരിലെ ഷോപിയനിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു സാധാരണ
  ഏറ്റുമുട്ടലിൽ പൊലിഞ്ഞു പോയ മുകുന്ദ് എന്ന പട്ടാള ഓഫീസർ. ആ കുടുംബത്തെ
  എനിക്ക് അറിയുമെന്നതിനാൽ വെറുമൊരു സാധാരണ പത്രവാർത്തയായി
   അത് വായിക്കാനായില്ല. മൂന്ന് വയസ്സുള്ള മകൾ അർഷെയ.
 
>>വിത്സണ്‍ അലക്സാണ്ടർ, മെയ്‌ രണ്ടു, രണ്ടായിരത്തി പതിന്നാലു <<